ഉറങ്ങാത്ത മനുഷ്യരില്ല, മൃഗങ്ങളും പക്ഷികളുമില്ല. 25 കോടി വർഷങ്ങൾക്കു മുമ്പ് ജിവിച്ചിരുന്ന ദിനോസറുകൾ ഉറങ്ങുമായിരുന്നു. എന്തിന് തീരെ ചെറിയ പുഴുക്കൾ വരെ ഉറങ്ങിയും ഉണർന്നുമാണ് ജിവിക്കുന്നത്. ഭക്ഷണം കുറച്ചു ദിവസം കഴിച്ചില്ലെങ്കിലും നമ്മളൊക്കെ ജീവിക്കും. എന്നാൽ ഉറക്കമില്ലാതായാൽ ആയുസ്സിന് പിന്നെ അധികം ദൈർഘ്യമുണ്ടാവില്ല. ഇത്രയും സുപ്രധാനമായ ഒരു ജിവിത പ്രക്രിയയാണെങ്കിലും ഉറക്കത്തെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ നമുക്കറിയാവൂ എന്നതാണ് വാസ്തവം. ഈ കുറവ് നികത്തുകയാണ് സ്വാമി സുബ്രമണ്യം മാസ്റ്ററിങ് സ്ലീപ് എന്ന ഗ്രന്ഥത്തിലൂടെ. അറിയപ്പെടുന്ന ഫിസിഷ്യനും ഫാർമക്കോളജിസ്റ്റും ന്യൂറൊസയന്റിസ്റ്റുമായ സ്വാമിനാഥൻ പെൻസിൽവാനിയ സർവ്വകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. പഠനവും ഓർമ്മയുമായി ബന്ധപ്പെട്ട് ബ്രെയിൻ കെമിസ്ട്രിയിൽ സുബ്രമണ്യം നടത്തിയിട്ടുള്ള ഗവേഷണങ്ങൾ ലോകത്തെ പ്രമുഖ ന്യൂറൊ സയൻസ് ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുറഞ്ഞത് ഒരു ദിവസം 7 മണിക്കൂറിനും ഒമ്പത് മണിക്കൂറിനുമിടയിലെങ്കിലും ഉറങ്ങണമെന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്. ഉറക്കത്തിന് ഓവർഡോസില്ലെന്നും ഒരാൾക്ക് എത്രമാത്രം ഉറക്കം വേണമെന്നതിനെക്കുറിച്ച് അയാളുടെ തലച്ചോറിന് കൃത്യമായ ബോദ്ധ്യമുണ്ടാവുമെന്നും സുബ്രമണ്യം ചൂണ്ടിക്കാട്ടുന്നു. ഉറക്കം കുറയുന്നതാണ് പല ശാരീരിക പ്രശ്നങ്ങൾക്കും വഴിയൊരുക്കുന്നത്. നമ്മുടെ ഫാക്ടറികളിലും പരീക്ഷണ ശാലകളിലുമൊക്കെയുണ്ടാവുന്ന അപകടങ്ങളിൽ വലിയൊരു പങ്കും രാത്രിയിലാണെന്നത് വെറും യാദൃച്ഛികതയല്ലെന്നും ഉറക്കമില്ലായ്മ എന്ന പൊതു കണ്ണി ഇത്തരം പല അപകടങ്ങൾക്ക് പിന്നിലും കണ്ടെത്താമെന്നും സുബ്രമണ്യം വ്യക്തമാക്കുന്നു.
ഉറക്കത്തിന്റെ വിവിധ തലങ്ങളെ ലളിതമായി അവതരിപ്പിക്കാനുള്ള ആത്മാർത്ഥമായ ശ്രമമെന്ന നിലയ്ക്ക് ശ്ലാഘിക്കപ്പെടേണ്ട കൃതിയാണ് പാൻ മാക്ക്മില്ലൻ ഇന്ത്യ പ്രസിദ്ധീകരിച്ച മാസ്റ്ററിങ് സ്ലീപ് . എന്തുകൊണ്ടാണ് നമ്മൾ ഉറങ്ങുന്നത് ? മെലാറ്റൊനിൻ എന്ന ഹോർമോണും ഉറക്കവും തമ്മിലുള്ള ബന്ധം, സ്വപ്നങ്ങളുടെയും കോട്ടുവായുടെയും പിന്നിലെന്താണ് എന്നിങ്ങനെ ഉറക്കത്തിന്റെ വിവിധ അടരുകളിലേക്ക് ഈ പുസ്തകത്തിൽ സുബ്രമണ്യം യാത്ര ചെയ്യുന്നുണ്ട്.
ഒരേ സമയം ഉറങ്ങാനും ഉണർന്നിരിക്കാനും കഴിവുള്ളവയാണ് ഡോൾഫിനുകൾ. തലച്ചോറിന്റെ ഒരു ഭാഗം ഉണർന്നിരിക്കുന്നതിലൂടെയാണ് ഈ സവിശേഷ സിദ്ധി ഡോൾഫിനുകൾ കൈവരിക്കുന്നത്. നമുക്കൊരിക്കലും മൂക്കിലൂടെ കോട്ടുവാ ഇടാനാവില്ല. അതേസമയം മൂക്കടപ്പുണ്ടെങ്കിലും കോട്ടുവാ ഇടുന്നതിന് പ്രശ്നമുണ്ടാവില്ല. കോട്ടുവാ പലപ്പോഴും പകരുന്ന സംഗതിയാണ്. ഒരു കൂട്ടത്തിൽ ഒരാൾ കോട്ടുവായിട്ടാൽ അവിടെയുള്ളവരിൽ നാൽപത്, അമ്പത് ശതമാനം പേരെങ്കിലും കോട്ടുവാ ഇടാനുള്ള സാദ്ധ്യത ഏറെയാണ്.
ഉറക്കത്തെക്കുറിച്ച് ആധികാരിക ഗവേഷണങ്ങൾ നടത്തിയവരിൽ തുടക്കക്കാരിയെന്ന് വിശേഷിപ്പിക്കാവുന്ന റഷ്യൻ ശാസ്ത്രജ്ഞ മരിയ മിഖായ്ലൊവ്ന മനസ്സീനയെക്കുറിച്ച് സുബ്രമണ്യം ഈ പുസ്തകത്തിൽ എടുത്തു പറയുന്നുണ്ട്. പട്ടിക്കുട്ടികളിലായിരുന്നു മനസ്സിനയുടെ ഗവേഷണം. ഉറക്കം നിഷേധിക്കപ്പെടുന്ന പട്ടിക്കുട്ടികൾ ഉറങ്ങാൻ കഴിയുന്ന പട്ടിക്കുട്ടികളേക്കാൾ എളുപ്പത്തിൽ മരിച്ചുപോവുന്നുണ്ടെന്ന് മനസ്സീന കണ്ടെത്തുന്നുണ്ട്. ഇന്നിപ്പോഴായിരുന്നെങ്കിൽ ഇത്തരം പരീക്ഷണങ്ങൾ ലോകം അംഗീകരിക്കുമായിരുന്നില്ല എന്നെടുത്തുപറഞ്ഞുകൊണ്ടാണ് സുബ്രമണ്യം മനസ്സീനയെ അനുസ്മരിക്കുന്നത്. പിന്നീട് ചിക്കാഗൊ സർവ്വ കലാശാലയിലും മറ്റും ശാസ്ത്രജ്ഞർ എലികളിൽ നടത്തിയ പരീക്ഷണങ്ങൾ മനസ്സീനയുടെ പരീക്ഷണങ്ങളുടെ തുടർച്ചയായിരുന്നു.
ഉറക്കത്തിനു വേണ്ടി മനുഷ്യർ എന്തിനും തയ്യാറാവുമെന്ന് മുൻ ഇസ്രായേൽ പ്രധാനമന്ത്രി മെനാഹം ബെഗിന്റെ ആത്മകഥയായ വൈറ്റ് നൈറ്റ്സ് : ദ സ്്റ്റോറി ഒഫ് എ പ്രിസണർ ഇൻ റഷ്യ യിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് സുബ്രമണ്യം ചൂണ്ടിക്കാട്ടുന്നു. രണ്ടോ മൂന്നോ ദിവസത്തെ ഉറക്കം നിഷേധിച്ച ശേഷം ഉറങ്ങാൻ അനുവദിക്കാമെന്ന ഒറ്റ വാഗ്ദാനത്തിന്റെ പുറത്ത് സോവിയറ്റ് അധികാരികൾ തടവുകാരിൽ നിന്ന് അവർക്കാവശ്യമുള്ള വിവരങ്ങൾ നേടിയെടുക്കുന്നത് നേരിൽ കണ്ടതിനെക്കുറിച്ച് ബെഗിൻ ആത്മകഥയിൽ എഴുതുന്നുണ്ട്. സ്വാതന്ത്ര്യം അവർ വാഗ്ദാനം ചെയ്തില്ല. ഭക്ഷണം വാഗ്ദാനം ചെയ്തില്ല. സുഖമായി ഉറങ്ങാനുള്ള സൗകര്യം നൽകാം എന്നു മാത്രമാണ് അവർ വാഗ്ദാനം ചെയ്തത്. ഒന്നുറങ്ങണമെന്നേ ആ പാവം തടവുകാർക്കുണ്ടായിരുന്നുള്ളൂ, അതുകൊണ്ടുതന്നെ ആവശ്യപ്പെട്ട സ്ഥലങ്ങളിലൊക്കെ അവർ ഒപ്പിട്ടുകൊടുത്തു.
ഉറങ്ങാൻ കിടക്കും മുമ്പ് ചെയ്യരുതാത്ത ചില കാര്യങ്ങൾ സുബ്രമണ്യം വിവരിക്കുന്നുണ്ട്. കോഫിയിലും മറ്റുമടങ്ങിയ കഫീൻ കഴിയുന്നതും ഒഴിവാക്കണം. ഉറക്കത്തിന് മുമ്പ് കോഫി കുടിച്ചാൽ ആഴമാർന്ന നിദ്ര ലഭിക്കാതെ പോവാനുള്ള സാദ്ധ്യത കൂടുതലാണ്. നിക്കോട്ടിനും മദ്യവും ഉറക്കത്തെ സഹായിക്കില്ല. മദ്യപിച്ച ശേഷം ബോധം കെട്ടുറങ്ങുമെന്നു പറയുന്നതിൽ വലിയ അർത്ഥമില്ല. തുടക്കത്തിൽ മയക്കത്തിലേക്ക് വീഴുന്നതിന് സഹായിച്ചേക്കാമെങ്കിലും ഇടയ്ക്കിടക്ക് ഉറക്കം മുറിയുന്നതിന് മദ്യം കാരണമാവും. കിടക്കയിൽ കിടന്ന് മൊബൈൽ ഫോണിൽ വായിക്കുകയോ ദൃശ്യങ്ങൾ കാണുകയോ ചെയ്യുന്നതും ഒഴിവാക്കണമെന്നും സുബ്രമണ്യം പറയുന്നു. ഡിജിറ്റൽ ഉപകരണങ്ങൾ പുറപ്പെടുവിക്കുന്ന നീല തരംഗ ദൈർഘ്യത്തിലുള്ള വെളിച്ചം ഉറക്കത്തെ സഹായിക്കുന്ന മെലാറ്റൊനിൻ ഹോർമോണിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. കിടക്കുന്നതിനു മുമ്പ് പുസ്തകങ്ങൾ വായിക്കുന്ന ശീലമുണ്ടെങ്കിൽ ഉറക്കം കിട്ടാൻ അതു തന്നെയാണ് നല്ലത്

Comments
Post a Comment