ദിവസേന ആറ് മണിക്കൂര്‍ മാത്രം ദര്‍ശനം നൽകുകയും ബാക്കിസമയം കടലിനടിയിലായിരിക്കുന്ന ക്ഷേത്രത്തെ പറ്റി കേട്ടിട്ടുണ്ടോ.....!!! നാം കേട്ടിട്ടുള്ളവയില്‍ നി ന്നൊക്കെ ഏറെ വിചിത്രമാണ് ഇൗ ക്ഷേത്രവും രീതികളും. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ കോലിയാക്ക് എന്ന സ്ഥലത്താണ് ഈ അത്ഭുത ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തീരത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെ കടലിനടിയിലാണ് ഈ ശൈവ ക്ഷേത്രസ്ഥാനം. നിഷ്‌കളന്‍ മഹാദേവ് അല്ലെങ്കില്‍ നിഷ്‌കളങ്കേശ്വര്‍ എന്നാണ് ഇവിടെ ശിവന്‍ അറിയപ്പെടുന്നത്. ഇവിടുത്തെ ദർശനം പാപങ്ങളെല്ലാം കഴുകി തങ്ങളെ ശുദ്ധരാക്കും എന്ന വിശ്വാസത്തിലാണ് ഇൗ പേരു ലഭിച്ചത്.
ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രമേ ഈ ക്ഷേത്രം പുറത്ത് കാണാനാവൂ. ബാക്കി സമയങ്ങളില്‍ കടല്‍ജലം വന്നു മൂടുന്ന ഇവിടം ശൈവ വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്.
വേലിയിറക്കത്തിന്റെ സമയം നോക്കിയാണ് ക്ഷേത്ര ദർശനം. കടലിലൂടെ കാല്‍നടയായി സഞ്ചരിച്ച് വേണം ക്ഷേത്രത്തിലെത്താൻ. വേലിയിറക്ക സമയത്ത് മാത്രമേ വെള്ളം ഇറങ്ങി പ്രതിഷ്ഠയും വിഗ്രഹങ്ങളും കാണാനാവൂ. എല്ലാ ദിവസവും ക്ഷേത്രം സന്ദര്‍ശിക്കാമെങ്കിലും അമാവാസിയിലെ സന്ദര്‍ശനത്തിനാണ് ഭക്തര്‍ മുന്‍തൂക്കം കൊടുക്കുന്നത്.
കടലിനടിയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രം സ്ഥാപിക്കപ്പെട്ടതിനു പിന്നില്‍ നിരവധി കഥകൾ പ്രചാരത്തിലുണ്ട്. അതില്‍ ഏറ്റവും പ്രശസ്തമായത് പഞ്ച പാണ്ഡവന്‍മാരുമായി ബന്ധപ്പെട്ട കഥയാണ്. ക്ഷേത്രത്തിലെ സ്വയംഭൂവായ അഞ്ച് ശിവലിംഗങ്ങളും ഈ കഥയെ ശരിവയ്ക്കുന്നു. മഹാഭാരത യുദ്ധത്തില്‍ കൗരവന്‍മാരെ പരാജയപ്പെടുത്തിയ പാണ്ഡവര്‍ക്ക് സഹോദരന്‍മാരെ കൊലചെയ്തതില്‍ അതിയായ വിഷമമുണ്ടായതിനെ തുടർന്ന് പാപപരിഹാരത്തിന് മാര്‍ഗ്ഗം അന്വേഷിച്ച് ഇവർ കൃഷ്ണന്റെ അടുത്തെത്തി. കറുത്ത കൊടിയും കറുത്ത പശുവിനെയും നല്കിയ കൃഷ്ണൻ അതിനെ പിന്തുടരാന്‍ പാണ്ടവരോട് ആവശ്യപ്പെട്ടു. പശുവും കൊടിയും വെളുത്ത നിറത്തിലാകുമ്പോള്‍ തെറ്റിനു പരിഹാരമാവുമത്രെ. ദിവസങ്ങളോളം പശുവിനു പിന്നാലെ ഇവർ അലഞ്ഞു. ഒടുവില്‍ കോലിയാക് തീരത്തെത്തിയപ്പോള്‍ കൊടിക്കും പശുവിനും നിറംമാറ്റം സംഭവിച്ചു. അവിടെവെച്ച് ശിവനോട് പ്രാര്‍ഥിച്ചപ്പോള്‍ അദ്ദേഹം സ്വയംഭൂ ലിംഗമായി ഓരോരുത്തരുടെയും മുന്നില്‍ അവതരിച്ചു. അമാവാസി നാളില്‍ തങ്ങളുടെ മുന്നില്‍ അവതരിച്ച ശിവനെ അവര്‍ തീരത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള ഒരു ചെറിയ ദ്വീപില്‍ പ്രതിഷ്ഠിച്ചു. അതാണ് ഇന്നുകാണുന്ന ക്ഷേത്രം. ശ്രാവണ മാസത്തിലെ അമാവാസി നാളിലാണ് ഇവിടുത്തെ പ്രധാന ആഘോഷം.
ക്ഷേത്രം കടലിനടിയിൽ ആണെങ്കിലും കൊടിമരം ഇതുവരെ കടലെടുത്തിട്ടില്ല. ഉത്സവത്തിന്റെ സമയത്ത് മാത്രമാണ് കൊടിമരത്തിലെ കൊടി മാറ്റി സ്ഥാപിക്കുന്നത്.
നിഷ്‌കളങ്കേശ്വരന്റെ സന്നിധിയില്‍ ചിതാഭസ്മം നിമഞ്ജനം ചെയ്താല്‍ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്ന വിശ്വാസത്തിൽ ചിതാഭസ്മം കടലില്‍ ഒഴുക്കാനായി ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. എല്ലാദിവസവും ഇവിടം സന്ദര്‍ശിക്കാമെങ്കിലും വേലിയിറക്കത്തിന്റെ സമയം കൂടി കണക്കിലെടുത്തുവേണം വരാന്‍. വേലിയിറക്കത്തില്‍ കടല്‍ ഉള്ളിലേക്ക് വലിയുമ്പോള്‍ മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനാവൂ.
സന്ദർശകർക്കായി ഭാവ്‌നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ധാരാളം വാഹനങ്ങള്‍ കോലിയാക്കിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ഭാവ്‌നഗറില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് കോലിയാക്.
Comments
Post a Comment