![]() |
കോഴിക്കോട് തളി ക്ഷേത്രത്തിൽ സാമൂതിരി കാലം മുതൽ നടത്തിവന്നിരുന്ന വിജ്ഞാന സദസ്സായിരുന്നു പട്ടത്താനം. ഭട്ട് സ്ഥാനം എന്ന സംസ്കൃത പദത്തിൽ നിന്നാണ് പട്ടത്താനം രൂപപ്പെട്ടത്. ഇന്നത്തെ ഡോക്ടറേറ്റ്ന് തുല്യമായ സാമൂതിരി ക്കാലത്തെ പദവി. തുലാമാസത്തിലെ രേവതി നാളിൽ ആരംഭിക്കുന്നതിനാൽ ഇത് രേവതി പട്ടത്താനം ആയി.
തളിക്ഷേത്രത്തിൽ നടത്തുന്ന വിദ്വൽസദസ്സായതിനാൽ തളിത്താനമെന്നും ഇത് അറിയപ്പെടുന്നു. രേവതി നാളിൽ തുടങ്ങി തിരുവാതിര വരെ ഏഴ് ദിവസമാണ് വാഗ്വാദങ്ങൾ നടക്കുക. അവസാന ദിവസം വിജയിയെ നിശ്ചയിച്ച് ഭട്ട് സ്ഥാനവും പണക്കിഴിയും നൽകി സദസ്സ് സമാപിക്കും.കേരളോത്പത്തി പ്രകാരം ക്രിസ്തുവർഷം 1466നും 1477നും ഇടയിലായിരിക്കം രേവതി പട്ടത്താനം ആരംഭിച്ചതെന്ന് കരുതുന്നു. അന്നത്തെ സാമൂതിരി ആയിരുന്ന മാനവിക്രമനാണ് കോൽക്കുന്നത്ത് ശിവാങ്കൾ എന്ന യോഗീവര്യന്റെ ഉപദേശപ്രകാരം ഇൗ വിദ്വൽ സദസ്സ് ആരംഭിച്ചതെന്ന് ഭൂരിഭാഗം ചരിത്രകാരന്മാരും പറയുന്നത്. സാമൂതിരി കുടുംബത്തിലെ തമ്പുരാട്ടിയുടെ ദുരുദ്ദേശപരമായ പ്രവർത്തനങ്ങൾ കാരണം ഒരു പൂർവ്വീകൻ ദുർമരണപ്പെട്ടത്തിന് പരിഹാരമായാണ് യോഗീവര്യൻ പട്ടത്താനം ആരംഭിക്കാൻ നിർദ്ദേശിച്ചത്.
തളി ക്ഷേത്രത്തിലെ വാതിൽമാടത്തിൽ വെച്ചാണ് സംവാദങ്ങൾ നടക്കുക. വടക്കും തെക്കുമായി നീണ്ടുകിടക്കുന്ന വാതിൽമാടത്തിൽ ഓരോ വിഷയത്തിനും പ്രത്യേക സ്ഥാനമുണ്ട്. തെക്കേ ഭാഗത്തിന്റെ തെക്കേയറ്റത്ത് കത്തിച്ച നിലവിളക്കിന് മുന്നിലായി ഭട്ടമീമാംസയും വടക്കേയറ്റത്ത് വിളക്കിനു മുന്നിൽ പ്രഭാകരമീമാംസയും വടക്ക് ഭാഗത്തെ തെക്കേയറ്റത്ത് വ്യാകരണം വടക്കേയറ്റത്ത് വേദാന്തം എന്നിങ്ങനെയാണ് സ്ഥാനങ്ങൾ.
കുന്നംകുളത്തിനടുത്തുള്ള പയ്യൂർ പട്ടേരി മാരാണ് വിജ്ഞനസദസ്സിന്റെ വിധി നിർണയിക്കുന്നത്. വാഗ്വാദത്തിന്റെ അവസാനം ഇവർ നൽകുന്ന വിജയികളുടെ പട്ടിക മങ്ങാട്ടച്ചൻ വായിക്കുമ്പോൾ സാമൂതിരിയോ തൽസ്ഥാനീയനോ പണക്കിഴി നൽകി വിജയികളെ ആദരിക്കും.
കോവിലകത്ത് നിന്നുള്ള തിരുവെഴുത്തുകൾ സാമൂതിരി സഭായോഗങ്ങൾ, വൈദീക നമ്പൂതിരിമാർ, കോവിലകത്തെ തമ്പുരാക്കന്മാർ എന്നിവർക്ക് അയക്കുന്നതോടെയാണ് പട്ടത്താനത്തിന്റെ ചടങ്ങുകൾ ആരംഭിക്കുന്നത്. ക്ഷണം ലഭിക്കാത്ത ആർക്കും പട്ടത്താനത്തിൽ പങ്കെടുക്കാൻ സാധിക്കില്ല.
സാമൂതിരി ഏർപ്പെടുത്തിയ ഭട്ടസ്ഥാനം കേരളത്തിലെയും അന്യദേശങ്ങളിലെയും പണ്ഡിതന്മാരെ ധാരാളമായി ആകർഷിച്ചിരുന്നു. മേൽപ്പത്തൂർ നാരായണ ഭട്ടതിരി, കാക്കശ്ശേരി ഭട്ടതിരി, ചേന്നാസ് നമ്പൂതിരി, ഉദണ്ഡ ശാസ്ത്രികൾ, തുടങ്ങിയ പണ്ഡിത ശ്രേഷ്ഠർ പട്ടത്താനത്തിൽ വിജയികളായിട്ടുണ്ട്.
![]() |
ടിപ്പുവിന്റെ പട മലബാറിൽ ആക്രമണം ആരംഭിക്കുന്നതുവരെ രേവതി പട്ടത്താനം തുടർച്ചയായി നടന്നിരുന്നു. അതിനു ശേഷം 1840-ല്‍ ശക്തൻ സാമൂതിരി ഇത് വീണ്ടും പുന:രാരംഭിച്ചു. പിന്നീട് 1934- വരെ കൂറ്റല്ലൂർ നമ്പൂതിരിമാർ സദസ്സ് നടത്തി. ഇന്ന് പട്ടത്താനത്തിന് നേതൃത്വം നൽകുന്നത് പട്ടത്താന സമിതിയാണ്. അതുപോലെ വേദിയിലും ഇന്ന് മാറ്റമുണ്ട്. രാജഭരണം അവസാനിച്ച ശേഷം തളി ക്ഷേത്രത്തിന് പകരം ക്ഷേത്രത്തോട് ചേർന്നുള്ള സാമൂതിരി ഹയർ സെക്കൻഡറി സ്കൂളിലെ ഗുരുവായൂരപ്പൻ ഹാളിലാണ് സദസ്സ് സംഘടിപ്പിക്കുന്നത്. കോവിലകത്ത് നിന്ന് സാമൂതിരി സ്ഥാനീയൻ ഇന്നും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.



Comments
Post a Comment